Monday, 5 February 2007

ഒരു കഥ....3

അസ്തമയ സൂര്യന്‍ അന്നത്തെ എല്ലാ ക്രൂരതകള്‍ക്കും സാക്ഷിയായി പിന്‍ വാങ്ങുവാന്‍ തുടങ്ങി, പക്ഷികള്‍ നിറ വ്യത്യാസങ്ങളില്ലാതെ കൂടുകളില്‍ ചേക്കേറി..പുഴയരികില്‍ നിന്നും നരിച്ചീറുകളും, പുള്ളുകളും ചീറുന്ന ശബ്ദം, ഇഴജന്തുക്കളലയുന്ന പുഴയോരം വഴി അമ്മയുടെ കുഴിമാടം തേടി അയാള്‍ നടന്നു, മുന്‍പില്‍ നടക്കുന്ന കാളി മുത്തപ്പന്റെ മെല്ലിച്ച കൈകള്‍ തന്നെ പിടിച്ച്‌ വലിക്കുകയാണോ...?വാകപ്പുല്ലുകളും, മുള്‍ച്ചെടികളും വകഞ്ഞുമാറ്റി മുത്തപ്പന്‍ അവിടേക്ക്‌ കടന്നു ....ആകശം മുട്ടുന്ന കരിമ്പനയില്‍ നിന്നും അപ്രതീക്ഷിതമായ അതിഥിയെ കണ്ട ഒരായിരം കടവാവലുകള്‍ തലക്ക്‌ മുകളില്‍ വട്ടമിട്ട്‌ പറന്നു.. അവയുടെ കൂട്ടമായുള്ള ചിറകടിയുടെ ഒച്ഛ ഭീകരമായ എന്തോ ? ......

ദൂരെ ആല്‍ത്തറക്കുന്നിലെ കാവില്‍ നിന്നും ഇടവിട്ട്‌ മുഴങ്ങിയ കതിനാ വെടികള്‍ അന്തരീക്ഷത്തിലെ ഭയത്തെ ഒന്നു കൂടി ഉറപ്പിച്ചു, കുത്തിനിര്‍ത്തിയ പന്തത്തിലേക്ക്‌ പകര്‍ന്ന എണ്ണ തീയാളിക്കത്തിച്ചു, തുള്ളിയാര്‍ത്ത കോമരം എന്തൊക്കെയോ അലറി.... ശാപമോക്ഷം വരും മക്കളേ.. അങ്ങ്‌ വടക്കൂന്ന് വന്ന ഏമ്പോക്കികള്‍ മ്മ അടക്കി വച്ച്‌..... മ്മ ആങ്ങളെ ക്കൊന്ന്.....മ്മ പെങ്ങളെ ചീണ്ടി....മ്മ ക്ടാങ്ങളെ ചുട്ട്‌........മ്മ കാലം വര്ന്നൂ .....തമ്പ്രാമ്മാര്‍ തലതെറിച്ചോടും.. ശാപമോക്ഷം വരുന്നുൂ.." ഒന്നും തിരിയാത്ത പണിയാളരും, പെണ്ണുങ്ങളും കുട്ടികളും കൈകൂപ്പി ഭയത്തോടെ കോമരത്തെ തൊഴുതു നിന്നു...


കൂട്ടിവച്ച കുറേ കല്ലുകള്‍ക്ക്‌ മുന്നില്‍ കാളിമുത്തപ്പന്‍ നിന്നു, മെല്ലിച്ച കൈകള്‍ തന്റെ കരങ്ങളില്‍ മുറുകുന്നതയാളറിഞ്ഞു, "ഇതാ നെന്റമ്മേടെ ചെത".....അകലെയെവിടെയോ നിന്ന് ഉച്ഛത്തിലുള്ള ഒരു നിലവിളി അയാളുടെ കാതുകളില്‍ വന്നലച്ചു.....കാളി മുത്തപ്പനും കരയുകയാണോ....? "അന്ന് ന്നെ മോലാളീന്റെ ബണ്ടീ കേറ്റി വിട്ടേന്റ പെറവ്‌ ന്റമ്മ ന്റടുത്ത്‌ വന്നിര്‍ന്ന്...ആരും കാണാണ്ട്‌...ഒരു പാട്‌ കരഞ്ഞ്‌...പ്രാന്ത്‌ പിടിക്കണ മാതിരി...മുത്തപ്പന്റെ കാവിലെ കല്ലുമ്മേ എല്ലാ സങ്കടോം എറക്കി വക്കാനല്ലേ മ്മക്ക്‌ പറ്റൂ..ഓള്‌ കരഞ്ഞോട്ടേന്ന് ഞാനും വച്ചു...."

അപ്പത്തന്നെ ആദിത്യന്‍ തമ്പ്രാനും കൂട്ടരും വന്ന്, കൂടെ ഏവൂരാന്‍ തമ്പ്രാനും, ശനിയന്‍ തമ്പ്രാനും, അരവിന്ദന്‍ തമ്പ്രാനും, അനിലന്‍ തമ്പ്രാനും, നകുലന്‍ തിരുമേനിയും കൈപ്പള്ളീം....എല്ലാം ണ്ടാരുന്ന്....ന്നെ തെങ്ങുമ്മേ കെട്ടിയിട്ട്‌..ഓളെ എന്തക്കയാ ചെയ്തേന്ന് പറയാന്ന്.....അത്‌ കാണാണ്ടിരിക്കാന്‌ ന്റെ ഉയിരങ്ങ ഒടേ തമ്പ്രാന്‍ വിളിച്ചങ്കീന്ന് ഞാന്‌ തോന്നി... കണ്ണെത്ര അടച്ച്‌ പിടിച്ചാലും കാത്‌ അടക്കാന്‍ പറ്റൂല്ല! ഒടുക്കം ചത്തൂന്ന് ബോധ്യായപ്പ നായമ്മാര്‌ കുന്തം കാര്‌ വയറു പൊളിച്ച്‌ വയേലേമ്മേ കെട്ടി കായലിത്താത്ത്‌....ഒര്‌ നൂല്ണ്ടാര്ന്നില്ല ആ പൊറത്തപ്പ..... .

. മൂന്നാം നാള്‌ ശവം പൊന്തി..........ഏ... ശവം അരേലും കരക്കെടുത്താ എല്ലാരേം കൊല്ലുമ്ന്ന് ശനിയന്‍ തമ്പ്രാന്‍ കല്‍പ്പിച്ച്‌....ന്നേം...ന്റെ കുട്ട്യോളേം കൊണ്ട്‌ കല്ലും മൊളേം ബച്ച്‌ ശവം കായലീ തന്നെ തള്ളി വിടീച്ച്‌.....ഒഴുകി പോകണ്ട്‌ ഇബ്ടെ തന്നെ കറങ്ങി കെടന്ന ന്റമ്മേടെ ശവം ഒടുക്കം നാണപ്പന്റ മോന്‍ പൊന്നന്‍ കെഴക്കൂന്ന് രാത്രി ആരും അറിയാണ്ട്‌ വന്നാ കരേലെടുത്ത്‌ ഇബ്ടെ കുഴിച്ചിട്ടത്‌..... പാതിരാത്രി തന്നെ ഓന്‍ തിരിച്ചും പോയി..ന്നെ പ്ടിക്കലായിരുന്ന് പെന്നെ തമ്പ്രാക്കന്മാരടെ പണി... നായമ്മാര്‌ എല്ലാ കുടീലും കേറിയെറങ്ങി കഞ്ഞീം കറീം മുട്ടിച്ച്‌...ന്റെ ഇഞ്ചിപ്പെണ്ണിനേം, പാറുക്കുട്ടിയേം ഓര്‌ പിടിച്ചോണ്ട്‌ തമ്പ്രാമ്മാര്‍ക്ക്‌ കൊടുത്ത്‌..

പുഴയിലിറങ്ങി കൈകാലുകള്‍ kazhukumpoaL ആ നിലവിളി വീണ്ടും ഒരു തേങ്ങലായി അയാളുടെ കാതുകളെ ലക്ഷ്യമാക്കിയെത്തി...പുഴമീനുകള്‍ അയാളുടെ കാലുകളെ കടിച്ച്‌ രസിച്ചു...ആല്‍ത്തറ ക്കുന്നില്‍ നിന്നും കത്തിയുയര്‍ന്ന പൂക്കുറ്റി ഇരുട്ടില്‍ വഴിയറിയാതെ ചിന്നിച്ചിതറി, തെയ്യം അപ്പോഴും തുള്ളിക്കൊണ്ടിരുന്നു...തമ്പ്രാക്കമ്മാര്‌ തൊലയും .. മ്മട വയലും മ്മട പാടോം മ്മ കൊയ്യും...മ്മ ദൈവങ്ങള ഓര്‌ കട്ട്‌....മ്മ കാവ്‌ കള ഓര്‌ കട്ട്‌...എല്ലാം മ്മ വേങ്ങും....ല്ലാം മ്മ തിരിച്ച്‌ വേങ്ങും.....