Monday, 5 February 2007

ഒരു കഥ....3

അസ്തമയ സൂര്യന്‍ അന്നത്തെ എല്ലാ ക്രൂരതകള്‍ക്കും സാക്ഷിയായി പിന്‍ വാങ്ങുവാന്‍ തുടങ്ങി, പക്ഷികള്‍ നിറ വ്യത്യാസങ്ങളില്ലാതെ കൂടുകളില്‍ ചേക്കേറി..പുഴയരികില്‍ നിന്നും നരിച്ചീറുകളും, പുള്ളുകളും ചീറുന്ന ശബ്ദം, ഇഴജന്തുക്കളലയുന്ന പുഴയോരം വഴി അമ്മയുടെ കുഴിമാടം തേടി അയാള്‍ നടന്നു, മുന്‍പില്‍ നടക്കുന്ന കാളി മുത്തപ്പന്റെ മെല്ലിച്ച കൈകള്‍ തന്നെ പിടിച്ച്‌ വലിക്കുകയാണോ...?വാകപ്പുല്ലുകളും, മുള്‍ച്ചെടികളും വകഞ്ഞുമാറ്റി മുത്തപ്പന്‍ അവിടേക്ക്‌ കടന്നു ....ആകശം മുട്ടുന്ന കരിമ്പനയില്‍ നിന്നും അപ്രതീക്ഷിതമായ അതിഥിയെ കണ്ട ഒരായിരം കടവാവലുകള്‍ തലക്ക്‌ മുകളില്‍ വട്ടമിട്ട്‌ പറന്നു.. അവയുടെ കൂട്ടമായുള്ള ചിറകടിയുടെ ഒച്ഛ ഭീകരമായ എന്തോ ? ......

ദൂരെ ആല്‍ത്തറക്കുന്നിലെ കാവില്‍ നിന്നും ഇടവിട്ട്‌ മുഴങ്ങിയ കതിനാ വെടികള്‍ അന്തരീക്ഷത്തിലെ ഭയത്തെ ഒന്നു കൂടി ഉറപ്പിച്ചു, കുത്തിനിര്‍ത്തിയ പന്തത്തിലേക്ക്‌ പകര്‍ന്ന എണ്ണ തീയാളിക്കത്തിച്ചു, തുള്ളിയാര്‍ത്ത കോമരം എന്തൊക്കെയോ അലറി.... ശാപമോക്ഷം വരും മക്കളേ.. അങ്ങ്‌ വടക്കൂന്ന് വന്ന ഏമ്പോക്കികള്‍ മ്മ അടക്കി വച്ച്‌..... മ്മ ആങ്ങളെ ക്കൊന്ന്.....മ്മ പെങ്ങളെ ചീണ്ടി....മ്മ ക്ടാങ്ങളെ ചുട്ട്‌........മ്മ കാലം വര്ന്നൂ .....തമ്പ്രാമ്മാര്‍ തലതെറിച്ചോടും.. ശാപമോക്ഷം വരുന്നുൂ.." ഒന്നും തിരിയാത്ത പണിയാളരും, പെണ്ണുങ്ങളും കുട്ടികളും കൈകൂപ്പി ഭയത്തോടെ കോമരത്തെ തൊഴുതു നിന്നു...


കൂട്ടിവച്ച കുറേ കല്ലുകള്‍ക്ക്‌ മുന്നില്‍ കാളിമുത്തപ്പന്‍ നിന്നു, മെല്ലിച്ച കൈകള്‍ തന്റെ കരങ്ങളില്‍ മുറുകുന്നതയാളറിഞ്ഞു, "ഇതാ നെന്റമ്മേടെ ചെത".....അകലെയെവിടെയോ നിന്ന് ഉച്ഛത്തിലുള്ള ഒരു നിലവിളി അയാളുടെ കാതുകളില്‍ വന്നലച്ചു.....കാളി മുത്തപ്പനും കരയുകയാണോ....? "അന്ന് ന്നെ മോലാളീന്റെ ബണ്ടീ കേറ്റി വിട്ടേന്റ പെറവ്‌ ന്റമ്മ ന്റടുത്ത്‌ വന്നിര്‍ന്ന്...ആരും കാണാണ്ട്‌...ഒരു പാട്‌ കരഞ്ഞ്‌...പ്രാന്ത്‌ പിടിക്കണ മാതിരി...മുത്തപ്പന്റെ കാവിലെ കല്ലുമ്മേ എല്ലാ സങ്കടോം എറക്കി വക്കാനല്ലേ മ്മക്ക്‌ പറ്റൂ..ഓള്‌ കരഞ്ഞോട്ടേന്ന് ഞാനും വച്ചു...."

അപ്പത്തന്നെ ആദിത്യന്‍ തമ്പ്രാനും കൂട്ടരും വന്ന്, കൂടെ ഏവൂരാന്‍ തമ്പ്രാനും, ശനിയന്‍ തമ്പ്രാനും, അരവിന്ദന്‍ തമ്പ്രാനും, അനിലന്‍ തമ്പ്രാനും, നകുലന്‍ തിരുമേനിയും കൈപ്പള്ളീം....എല്ലാം ണ്ടാരുന്ന്....ന്നെ തെങ്ങുമ്മേ കെട്ടിയിട്ട്‌..ഓളെ എന്തക്കയാ ചെയ്തേന്ന് പറയാന്ന്.....അത്‌ കാണാണ്ടിരിക്കാന്‌ ന്റെ ഉയിരങ്ങ ഒടേ തമ്പ്രാന്‍ വിളിച്ചങ്കീന്ന് ഞാന്‌ തോന്നി... കണ്ണെത്ര അടച്ച്‌ പിടിച്ചാലും കാത്‌ അടക്കാന്‍ പറ്റൂല്ല! ഒടുക്കം ചത്തൂന്ന് ബോധ്യായപ്പ നായമ്മാര്‌ കുന്തം കാര്‌ വയറു പൊളിച്ച്‌ വയേലേമ്മേ കെട്ടി കായലിത്താത്ത്‌....ഒര്‌ നൂല്ണ്ടാര്ന്നില്ല ആ പൊറത്തപ്പ..... .

. മൂന്നാം നാള്‌ ശവം പൊന്തി..........ഏ... ശവം അരേലും കരക്കെടുത്താ എല്ലാരേം കൊല്ലുമ്ന്ന് ശനിയന്‍ തമ്പ്രാന്‍ കല്‍പ്പിച്ച്‌....ന്നേം...ന്റെ കുട്ട്യോളേം കൊണ്ട്‌ കല്ലും മൊളേം ബച്ച്‌ ശവം കായലീ തന്നെ തള്ളി വിടീച്ച്‌.....ഒഴുകി പോകണ്ട്‌ ഇബ്ടെ തന്നെ കറങ്ങി കെടന്ന ന്റമ്മേടെ ശവം ഒടുക്കം നാണപ്പന്റ മോന്‍ പൊന്നന്‍ കെഴക്കൂന്ന് രാത്രി ആരും അറിയാണ്ട്‌ വന്നാ കരേലെടുത്ത്‌ ഇബ്ടെ കുഴിച്ചിട്ടത്‌..... പാതിരാത്രി തന്നെ ഓന്‍ തിരിച്ചും പോയി..ന്നെ പ്ടിക്കലായിരുന്ന് പെന്നെ തമ്പ്രാക്കന്മാരടെ പണി... നായമ്മാര്‌ എല്ലാ കുടീലും കേറിയെറങ്ങി കഞ്ഞീം കറീം മുട്ടിച്ച്‌...ന്റെ ഇഞ്ചിപ്പെണ്ണിനേം, പാറുക്കുട്ടിയേം ഓര്‌ പിടിച്ചോണ്ട്‌ തമ്പ്രാമ്മാര്‍ക്ക്‌ കൊടുത്ത്‌..

പുഴയിലിറങ്ങി കൈകാലുകള്‍ kazhukumpoaL ആ നിലവിളി വീണ്ടും ഒരു തേങ്ങലായി അയാളുടെ കാതുകളെ ലക്ഷ്യമാക്കിയെത്തി...പുഴമീനുകള്‍ അയാളുടെ കാലുകളെ കടിച്ച്‌ രസിച്ചു...ആല്‍ത്തറ ക്കുന്നില്‍ നിന്നും കത്തിയുയര്‍ന്ന പൂക്കുറ്റി ഇരുട്ടില്‍ വഴിയറിയാതെ ചിന്നിച്ചിതറി, തെയ്യം അപ്പോഴും തുള്ളിക്കൊണ്ടിരുന്നു...തമ്പ്രാക്കമ്മാര്‌ തൊലയും .. മ്മട വയലും മ്മട പാടോം മ്മ കൊയ്യും...മ്മ ദൈവങ്ങള ഓര്‌ കട്ട്‌....മ്മ കാവ്‌ കള ഓര്‌ കട്ട്‌...എല്ലാം മ്മ വേങ്ങും....ല്ലാം മ്മ തിരിച്ച്‌ വേങ്ങും.....

Friday, 26 January 2007

ഒരു കഥ....2

വിറയാര്‍ന്ന കൈകള്‍കൊണ്ടയാളാ അസ്ഥിപന്‍ഞ്ജരം വാരിയെടുത്തു.....നുരുമ്പി പൊടിഞ്ഞ ആ അസ്ഥികള്‍ അടരുകളായി അയാളുടെ കൈകളില്‍ നിന്നും താഴേക്കൂര്‍ന്നു വീണു, ഒപ്പം രക്തമിരച്ചുകയറിയ അയാളുടെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണു നീരും,....അതിന്റെ ചൂട്‌ തന്നെ ദഹിപ്പിക്കുമെന്നയാള്‍ക്ക്‌ തോന്നി..നിലവറക്കുള്ളില്‍ നിന്നും ഒരു കടവാവല്‍ ഊഴം തെറ്റിച്ച്‌ പറന്നുപോയി,

അയാളുടെ മനസ്സ്‌ വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പാഞ്ഞു...അന്ന് അച്ച്ഛന്റെയും അമ്മയുടെയും വിവാഹം, ജീവിതത്തിലൊരിക്കല്‍ മാത്രം പുതു വസ്ത്ര മുടുക്കാന്‍ ഭാഗ്യം സിദ്ധിച്ചിരുന്ന കീഴാളന്റെ ജീവിതത്തിലെ അര്‍ത്ഥ സന്തോഷം നിറഞ്ഞ ദിവസം, കൊടകരയിലെ പെണ്‍ വീട്ടില്‍ വച്ച്‌ അമ്മയുടെ കഴുത്തില്‍ മഞ്ഞച്ചരടു കെട്ടിയ അച്ഛന്റെയും, ബന്ധുക്കളുടെയും കൂടെ അമ്മ തമ്പ്രാക്കന്മാരുടെ ദ്ര്ഷ്ടിയില്‍ പെടാതെ ഒളിഞ്ഞും, തെളിഞ്ഞും ഊടു വഴികളിലൂടെ അച്ച്ചന്‍ വീട്ടിലേക്ക്‌ വന്നു..

മുറ്റത്തു കുഴികുത്തി കുമ്പിളില്‍ വിളമ്പിയ കഞ്ഞിയും മരച്ചീനിയും, ചമ്മന്തിയും കഴിച്ച്‌ എല്ലാവരും പുതുപ്പെണ്ണിനെയും, ചെക്കനെയും ഒറ്റക്കാക്കി സന്തോഷത്തോടെ പിരിഞ്ഞു പോയി..

വൈക്കോല്‍ മേഞ്ഞ കൂരക്കു കീഴില്‍, ചുവരില്‍ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിനു താഴെ ചാണകം മെഴുകിയ തറയില്‍ അച്ഛനെയും കത്തിരുന്ന അമ്മയുടെ മുന്നിലേക്ക്‌ കടന്നു വന്നത്‌ അച്ഛനായിരുന്നില്ല!വെളുത്തു തടിച്ച ഒരാജാനു ബാഹു.....പൂൂൂമംഗലം ആദിത്യന്‍ തമ്പ്രാന്‍,

പിടഞ്ഞെഴുന്നേറ്റ അമ്മ ഓലക്കുടിലിന്റെ വിടവിലൂടെ കണ്ടു..തമ്പ്രാന്റെ പിണിയാളുകളൂടെ കുന്ത മുനകള്‍ക്കു കീഴില്‍ കൈകള്‍ കെട്ടി നില്‍ക്കുന്ന അച്ഛനെ, ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ കൈകാലുകള്‍ നിവര്‍ത്താന്‍ പോലും കഴിയാതെ കിടന്ന അമ്മയെ വിട്ട്‌ അയാള്‍ പോയി..

വീണ്ടും വീണ്ടും ആ രാത്രി തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു, ഇടക്കെപ്പോഴോ തമ്പ്രാക്കന്മാരുടെ എണ്ണം കൂടാന്‍ തുടങ്ങി, അച്ഛ്ന്റെ കാത്തിരുപ്പിന്റെ ദൈര്‍ഖ്യവും....

ഇതിനിടയിലെപ്പോഴോ ഇച്ചേയിയും താനും പിറന്നു വീണു..ആദിത്യന്‍ തമ്പ്രാന്റെ മകളും കോരന്‍ കീഴാളന്റെ മകനും..? ഊരിലെ മുത്തിമാര്‍ ഇച്ചേയിയെ കളിയാക്കുമായിരുന്നു..'തറവാട്ടില്‍ വളരേണ്ട കുട്ടിയാ..' അമ്മ തിരിച്ചടിക്കും..കാരണം ഊരിലെ എല്ലാ വീടുകളിലും തറവാട്ടില്‍ വളരേണ്ട കുട്ടികള്‍ ഉണ്ടായിരുന്നു,

ഇച്ചേയി വല്യ കുട്ടിയായി..അന്നിച്ചേയിക്ക്‌ 12 വയസ്സ്‌..ആദിത്യന്‍ തമ്പ്രാനാണ്‌ കല്‍പ്പിച്ചത്‌ അമ്മക്കൊപ്പം ഇച്ചേയിയും പായ വിരിക്കണമെന്ന്..ഊഴമിട്ട്‌ നിരവധി തമ്പുരാന്മാര്‍ മുറുക്കാനും, വെടിവട്ടവുമായി മുറ്റത്തു കൊളുത്തിവച്ച പന്തത്തിനു കീഴെ ഇരുപ്പുണ്ടായിരുന്നു..

ഞെട്ടിത്തരിച്ച അമ്മ അന്ന് തമ്പ്രാന്റെ കാലുകളില്‍ വീണ്‌ ഒരുപാട്‌ കരഞ്ഞു...യാചിച്ചു..ഒടുവില്‍ സ്വന്തം മകളാണെനറിയിച്ചിട്ടും ആ തിരു മനസ്സ്‌ ഇളകിയില്ല 'വേ'റെന്തൊക്കെയോ ചേര്‍ത്ത്‌ തമ്പുരാന്‍ ഇത്രയും പറയുന്നത്‌ താനും കേട്ടു..."ഇവിടെത്രയോ പേര്‍ എന്റെ കൂടെ വരുന്നു പോകുന്നു...?"

ആല്‍ത്തറക്കുന്നിലെ കാവിനു പിന്നില്‍ പോക്കരു മാപ്പിളയുടെ കാള വണ്ടിയും കാത്തൊളിച്ചിരിക്കുമ്പോള്‍ അമ്മ പറഞ്ഞ കഥ.. "നീ പൊയ്കൊ, പോയി നല്ലവനാവണം...അമ്മേം ഈ നാടും എല്ലാം എല്ലാം മറന്നേക്ക്‌...."

അമ്മയുടെ വാക്കുകളിലെ തീഷ്ണതയും ഭയവും മനസ്സിലാക്കുവാന്‍ അന്നാ പത്തു വയസ്സുകാരന്‍ വളര്‍ന്നിട്ടുണ്ടായിരുന്നില്ല; പക്ഷേ ആ കണ്ണുകളില്‍ നിറഞ്ഞു നിന്ന നിര്‍വ്വികാരത തന്നെ ഭയപ്പെടുത്തി! എവിടെ നിന്നോ അടുത്തു വരുന്ന വടി തറയില്‍ മുട്ടുമ്പോഴുള്ള ' ദും..ദും ' എന്ന ശബ്ദം അയാളെ ചിന്തകളുടെ ലോകത്തു നിന്നുണര്‍ത്താന്‍ പാര്യാപ്തമായിരുന്നില്ല.. എല്ലുകള്‍ മാത്രം ശേഷിച്ച ഒരു കൈ അയാളുടെ ബലിഷ്ടമായ ചുമലുകള്‍ക്കുമേല്‍ പതിച്ചു ....?(thutarum)

Thursday, 25 January 2007

ഒരു കഥ....

പഴകി ദ്രവിച്ച പൂമങ്ങലം തറവാടിന്റെ മുറ്റത്തു നില്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ഓര്‍മകള്‍ ഇരമ്പുകയായിരുന്നു, തെക്കു ഭാഗത്തെ ആ നാട്ടുമാവ്‌ ഇന്നും തലയെടുൂാറ്റെ നില്‍ക്കുന്നു, അതിന്റെ ചുവട്ടിലാണ്‌ അച്ചന്റെ ചേതനയറ്റ ശരീരം ഒരു കൂട്ടം മാംസ കഷ്ണങ്ങളായി ചിതറിക്കിടന്നത്‌, തമ്പുരാക്കന്മാരുടെ വാളുകള്‍ക്ക്‌ മുന്നില്‍ നിസ്സഹായനായ ഇരയെ പോലെ പ്രാണനു വേണ്ടി കെഞ്ചുന്ന അച്ഛന്റെ വിറങ്ങലിച്ച മുഖം ഇന്നും ഓര്‍മ്മകളെ മധിക്കുന്നു,

ആ മുഖം മുന്നില്‍ക്കണ്ട്‌ ഉറങ്ങാതെ കിടന്ന എത്രയോ വര്‍ഷങ്ങള്‍!അധസ്ഥിതര്‍ക്ക്‌ മാറു മറക്കാനും, വഴിനടക്കാനും പോലും അനുവാദമില്ലാതിരുന്ന ആ കാലത്ത്‌ തമ്പ്യ്‌രാക്കന്മാരുടെ കാമ വെറിക്കുമുന്നില്‍ കണ്ണടക്കാന്‍ പോലും കഴിയാതെ അമ്മാക്ക്‌ പായ്‌ വിരിക്കേണ്ടി വന്നപ്പോള്‍ പുറത്ത്‌ ഊഴമിട്ട്‌ അച്ഛനും കാത്തിരിക്കുമായിരുന്നു, തമ്പുരാക്കന്മാര്‍ എല്ലാവരും പോയ ശേഷം അമ്മയുടെ അടുത്തെത്തുന്ന അച്ഛന്‍ അമ്മയെ കെട്ടിപ്പിടിച്ച്‌ കരയുമായിരുന്നു, കൈയുയര്‍ത്തി ആ കണ്ണീര്‌ തുടക്കുവാന്‍ പോലും അമ്മക്ക്‌ പലപ്പോഴും കഴിയുമായിരുന്നില്ല,

ഒടുവില്‍ ഇച്ചേയിയും വലിയ കുട്ടിയായപ്പോള്‍ അമ്മക്കൊപ്പം ഇച്ചേയിയും പായ വിരിക്കണമെന്ന് തമ്പ്രാക്കന്മാര്‍ കല്‍പ്പിച്ചപ്പോള്‍ അന്നാദ്യമായി അച്ഛന്‍ പ്രതിഷേധിച്ചു, വര്‍ഷങ്ങളായി അടക്കിവച്ചിരുന്ന ക്ഷോഭം മുഴുവന്‍ പുറത്തുവിടാന്‍ ഒരു വാക്കു മാത്രമേ അച്ഛന്‍ പറഞ്ഞുള്ളൂ 'പറ്റില്ല' മടങ്ങിപ്പോയ തമ്പ്രാക്കന്മാരുടെ സില്‍ബന്ധികള്‍ അന്നു രാത്രി അച്ഛനോടൊപ്പം ഇച്ചേയിയെയും പിടിച്ചുകൊണ്ടു പോയി, പിറ്റേന്ന് അച്ച്ചന്റെ ശരീരം കാണുന്നത്‌ ആ മാവിന്‍ ചുവട്ടിലാണ്‌..ഒരുകൂട്ടം മാംസക്കഷ്ണങ്ങളായി...

അച്ഛനെപ്പോലെ തങ്ങളെയും വേട്ടയാടും എന്നു മനസ്സിലാക്കിയ അമ്മ തമ്പുരാന്റെ പറമ്പിലെ തേങ്ങ കയറ്റാന്‍ വന്ന പോക്കര്‍ മാപ്പിളയുടെ കാളവണ്ടിയില്‍ തേങ്ങ നിറച്ച ചാക്കു കെട്ടുകള്‍ക്കടിയില്‍ ഒളിപ്പിച്ച്‌ തന്നെ രക്ഷപെടുത്തുമ്പോള്‍ ആ കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്ന നിര്‍വികാരത ഒരായിരം വാL മുനകളായി പലപ്പോഴും ഉള്ളില്‍ ആഴ്‌ന്നിറ്റങ്ങിയിട്ടുണ്ട്‌..

വര്‍ഷങ്ങള്‍ നീണ്ട യത്ര..കള്ളവണ്ടി കയറി എങ്ങോട്ടെന്നില്ലാതെ! ബോംബെയിലെ തെരുവുകളില്‍ പച്ചവെള്ളം മാത്രം കുടിച്ച്‌ നടപ്പാതയില്‍ അന്തിയുറങ്ങിയും അങ്ങനെ... സേട്ടുവിന്റെ ഹോട്ടലിന്റെ പിന്നമ്പുറത്ത്‌ എച്ചില്‍ പാത്രങ്ങള്‍ക്കിടയില്‍.. ഉന്തു വണ്ടിയില്‍ പച്ചക്കറി വിറ്റ്‌.. അധോലോകത്തിന്റെ ആരുമറിയാത്ത ലോകത്ത്‌... സ്വൊരുക്കൂട്ടിയ പിഞ്ഞിയ നോട്ടുകള്‍ക്ക്‌ പകരം ഉരുവില്‍ മരുഭൂമിയിലെ മണലാരണ്യത്തിലേക്ക്‌...

കാലം മാറുന്നതോടൊപ്പം വളര്‍ന്നു വന്ന ബിസിനസ്സ്‌ സാമ്രാജ്യങ്ങളും, പെരുമയും അന്നും അച്ഛ്ന്റെ വിറങ്ങലിച്ച മുഖവും, അമ്മയുടെ കണ്ണുകളിലെ നിര്‍വികാരതയും തന്നെയായിരുന്നു ജീവിതത്തെ മുന്നോട്ടു നയിച്ചിരുന്നത്‌.. വര്‍ഷങ്ങള്‍ക്കു ശേഷം പൂമങ്ങലത്തെ കൊച്ചു തമ്പ്രാന്‍ തന്റെ വിസയില്‍ കണക്കെഴുത്തുകാരനായി വരുന്നതു വരെയും നാട്ടിലേക്ക്‌ മടങ്ങുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിരുന്നില്ല..

പൂമങ്ങലം അധപ്പതിച്ചതിനെക്കുറിച്ചും, തറവാട്‌ കാടുകയറിയതിനെക്കുറിച്ചും തമ്പ്രാക്കന്മാര്‍ പലരും അഷ്ടിക്കു വകയില്ലാതെ നാടു വിട്ടതിനെക്കുറിച്ചും എല്ലാം അയാളില്‍ നിന്നറിഞ്ഞു..ഓര്‍മ്മകള്‍ വീണ്ടും വേട്ടയാടിയപ്പോഴാണ്‌ നാട്ടിലെക്ക്‌ മടങ്ങണമെന്ന ചിന്തയുണ്ടായത്‌..അച്ഛന്റെ ചോരവീണ ആ തറവാടും പറമ്പും വാങ്ങണം, ആ തറവാടിന്റെ അസ്ഥിവാരമിളക്കി അതിന്റെ മുകളില്‍ തമ്പ്രാക്കന്മാരോട്‌ "പറ്റില്ല" എന്നു പറഞ്ഞ കോരന്‍ കീഴാളന്റെ മകന്‌ ആ തറവാട്ടിന്റെ അവശിഷ്ടങ്ങള്‍ക്കു മുകളില്‍ ഒരു അസ്ഥിത്തറ പണിയണം.. അതു മാത്രമായിരുന്നു ലക്ഷ്യം..

സ്സ്വത്തം എന്തെന്നറിയിക്കാതെ അവശേഷിച്ച തമ്പുരാന്‍ കാരണവരോട്‌ പൂമങ്ങലത്തിനായി വിലപേശുമ്പോള്‍ കണ്ണുകളില്‍ എരിഞ്ഞ പക അയാള്‍ മനസ്സിലാക്കിയിരുന്നില്ല.. ഒടുവില്‍ ആധാരത്തില്‍ ഒപ്പുവക്കാന്‍ നേരം കുടികിടപ്പുകാരന്‍ കോരന്റെ മകന്‍ ഗോപാലന്‍ എന്നെഴുതിയിരിക്കുന്നതുകണ്ട കാരണവരുടെ കൈകള്‍ വിറച്ചതും കണ്ണുകളില്‍ ഭയം നിഴലിട്ടതും ഒന്നിനും പകരമാകുമായിരുന്നില്ല...

തന്നെ തേങ്ങാക്കെട്ടുകള്‍ക്കടിയില്‍ ഒളിപ്പിച്ച്‌ യാത്രയാക്കിയതിന്റെ മൂന്നാം നാള്‍ അമ്മയുടെ ജഢം തെക്കുമ്പുറം കായലില്‍ പൊന്തിയത്രെ.... ഇച്ചേയി..?

പണിക്കാര്‍ പൂമങ്ങലത്തിന്റെ അറകളോരോന്നായി പൊളിച്ചിരക്കുമ്പോള്‍ പകയെക്കാളേറെ അയാളുടെയുള്ളില്‍ നിറഞ്ഞു നിന്നത്‌ നഷ്ടമായ സ്നേഹത്തിന്റെയും, വാല്‍സല്യത്തിന്റെയും നിറം കെട്ട കനവുകളായിരുന്നു.....അച്ഛന്റെ ചോരയുടെ മണം അയാളുടെ നസാരന്ധ്രങ്ങളിലേക്ക്‌ അടിച്ചു കയറി.....

ഒടുവില്‍ പൂമങ്ങലത്തിന്റെ നിലവറ പൊളിക്കാന്‍ തുടങ്ങിയ പണിക്കാരിലൊരാള്‍ നിലവിളിച്ചുകൊണ്ട്‌ ബോധമില്ലാതെ വീണു! നിലവറക്കുള്ളില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ ഒരു അസ്ഥികൂടം....അതിനെച്ചുറ്റി ഇച്ചേയി അന്നുടുത്തിരുന്ന വരയന്‍ പാവാടയും.

Wednesday, 17 January 2007

വഴിതെറ്റി വന്ന ഒരു എസ്‌.എം.എസ്‌

you are well familiar with the world trade center & the date of that accident was 9-11-2001, well in quraan it hasbeen detected that there is a verse related to collapsi
ng of huge and high buildings,

interesting things is that this "ayath" is present in the 9th "soora" 11para, that sura has 2001 words and yet there is another interesting thing the ayath no: is the same as no: of storeys of WORLD TRADE CENTER 11O, believe in ALLAH, I request to kindly send it to maximumഅറിവുള്ളവര്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ഇതിന്റെ ഉദ്ദേശം മനസ്സിലാക്കാമായിരുന്നു

Monday, 15 January 2007

മലയാളി മൂഡ


നാട്ടുകാരുടെ കണ്ണില്‍ 'ഉണ്ണിയും പരോപകാരിയും, പ്രാദേശിക വാര്‍ത്താ ശേഖരനും, സം പ്രേക്ഷകനും, പരദൂഷണം, ഏഷണി, കുടുംബകലഹം, പാര, കമ്മീഷന്‍ ബേസ്ഡ്‌ മറുപാര, രഹസ്യങ്ങളുടെ മൊത്തവിതരണക്കാരന്‍, സര്‍വ്വോപരി ജനപ്രിയനും ആയ ഞങ്ങളുടെ ശ്രീമാന്‍ സുരേഷിന്‌ അബൂദാബിയിലേക്ക്‌ വിസ ശരിയായി...

നാട്ടിലെ പെണ്ണുങ്ങളെല്ലാം വലിയ വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ താരതമ്യേന ചെറുപ്പക്കാരനും, എല്ലാ കാര്യങ്ങള്‍ക്കും ഉപകാരിയുമായ ആ മാന്യദേഹം കടല്‍ കടന്നു പോകുന്നതില്‍ അതിയായി ദുഖിച്ചു..

കുളിക്കടവിലും, സീരിയല്‍ മുറ്റത്തും സുരേഷിന്റെ അബൂദാബി യാത്ര അതിവേഗം ചര്‍ച്ചാവിഷയമായി. ഇനി ഗ്യാസുകുറ്റി തീര്‍ന്നാല്‍ ആരെടുത്തുകൊണ്ടു വരും? ഇനി ചാണകം ആരു വാരും? ഇനി ചന്തയില്‍ ആരുപോകും? ഇനി പഴഞ്ചോറാരു കഴിക്കും? തുടങ്ങിയ അന്താരാഷ്ട്ര ഗാര്‍ഹികപ്രശ്നങ്ങള്‍ പരസ്യമായി പറഞ്ഞ്‌ വേദനിക്കുമ്പോള്‍ തന്നെ അവരില്‍ അധികം പേരുടെയും ഉള്ളില്‍ നിറഞ്ഞ്‌ നിന്നത്‌ തങ്ങളുടെ സ്വന്തം ലേഖകനെ നഷ്ടപ്പെടുന്നതിലായിരുന്നു,

സുരേഷേട്ടന്റെ നാവിന്റെ സൗന്ദര്യം മേറ്റ്ല്ലാ കുറവുകളെയും സഹിക്കാനും, ക്ഷമിക്കാനും, പരസ്പരം പൊരുത്തപ്പെടാനും നാട്ടിലെ സ്ത്രീകളെയെല്ലാം നിര്‍ബന്ധിതരാക്കി എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ലാ എന്ന് തോന്നുന്നവര്‍ക്ക്‌ വിശ്വസിക്കാം...

ടിയാന്‍ ശ്വാസമടക്കിപ്പിടിച്ച്‌ പ്ലെയിനില്‍ കയറിയതും അബൂദാബിയില്‍ എത്തിയതും ജോലിയില്‍ പ്രവേശിച്ചതും ഒരു സഹമലയാളീ കൂട്ടു കുടുമ്പത്തില്‍ വാസമുരപ്പിച്ചതും എല്ലാം നാട്ടിലെ പാവം പെണ്ണുങ്ങള്‍ക്ക്‌ ഒടുവില്‍ അംഗീകരിക്കേണ്ടി വന്നു...

സുരേഷിന്റെ തറവാട്ടുമതിലിന്‌ അപ്പുറെയുള്ള വീട്ടില്‍ താമസിച്ചിരുന്നത്‌ ഒരു ഫിലിപ്പൈനി "അറേഞ്ച്ഡ്‌" ഫാമിലിയായിരുന്നു, സുരേഷു ചേട്ടന്റെ ഭാഷയില്‍ "ഇത്തിരി പടിത്തോം ഒത്തിരി വെളച്ചിലും"

ഒരു ദിവസം തനി നാടന്‍ മലയാളിയായി കോമ്പൗണ്ടിനുള്ളില്‍ ലുങ്കിയും മടക്കിക്കുത്തി ഉത്തരായനം വരെ കാണിച്ചുനിന്ന സുരേഷിനെ കണ്ട ഫിലിപ്പൈനി പെണ്ണിന്‌ നാണവും കോപവും ഒരുമിച്ചു വന്നുവെന്നും അവള്‍ നായകനോട്‌ മടക്കിക്കുത്തഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നും നായകന്‍ പറ്റില്ല എന്ന് തിരിച്ചടിച്ച്‌ ഒരു മാമാങ്കത്തിന്‌(മങ്ക+അങ്കം) തയ്യാറെടുത്തപ്പോഴേക്കും സഹ മുറിയനായ കെ. എസ്‌ . ആര്‍. ടി. സീ ജയന്‍ റഫറിയെപ്പോലെ ഇടക്ക്‌ ചാടിവീണതുകാരണം മരുഭൂമിയിലെ മണല്‍ ത്തരികള്‍ക്ക്‌ മലയാളത്തിലെ അനൗദ്യോഗിഗ സാഹിത്യം കേട്ട്‌ കോരിത്തരിക്കുവാനുള്ള ഭാഗ്യമുണ്ടായില്ല പോലും

സംഭവം ഇത്ര്യൊക്കെ നടന്നു എങ്കിലും എല്ലാം ക്ഷമിക്കാന്‍ സുരേഷ്‌ തയ്യാറായിരുന്നു...അപ്പോഴാണ്‌ മാഡത്തിന്റെ ഇപ്പോഴത്തെ പാതി മുട്ടുവരെ മാത്രം എത്തുന്ന ഒരു ബര്‍മൂഡയുമിട്ടു കൊണ്ട്‌ പുറത്തെ സംഭവവികസങ്ങളെക്കുറിച്ചറിയാനുള്ള ആകാംഷയില്‍ അവിടേക്ക്‌ ഓടിയിറങ്ങിയത്‌.................................................
...........................................................................
............................................................................
............................................................................
.............................................................................
..............................................................................
...............................................................................
..............................................................................
.............................................................................
............................................................................
............................................................................
............................................................................
.............................................................................
..............................................................................
.................................................................................
....................................................................................
.........വില്ലന്റെ ബര്‍മൂഡ ചൂണ്ടി നായകന്‍ മലയാളത്തില്‍ ചോദിച്ചു "എന്നതാടീ ഇത്‌?"ജയന്റെ തര്‍ജ്ജുമ" ലേശ്‌ ഹാദാ?" "ഹാദാ ബെര്‍മൂഡ" കിളിമൊഴി ജയന്‍ തിരിച്ച്‌ മലയാളത്തിലേക്ക്‌ തര്‍ജുമ ചെയ്തുപെട്ടന്നാണ്‌ സുരേഷേട്ടന്‍ തന്റെ നാടന്‍ സാഹിത്യത്തിന്റെ കെട്ടില്‍ നിന്നും നിരുപദ്രവകരമായ ഒന്ന് പുറത്തെടുത്ത്‌ അപ്പുറത്തെ കേന്ദ്രത്തിലേക്ക്‌ ഡയറക്റ്റ്ന്‍ ചെയ്തത്‌
"പറഞ്ഞുകൊടുക്കെടാ)))))അത്‌ ബര്‍മൂഡയാണെങ്കില്‍ ഇത്‌ "മലയാളീ മൂഡയാണെന്ന്"
സു Su said...
ഹിഹിഹി :) മൂഡ നന്നായിട്ടുണ്ട്. സ്വാഗതം.
13 January 2007 22:08


വേണു venu said...
സ്വാഗതം. എഴുത്തു് നന്നായി. നിര്‍ത്താതെയുള്ള വരികള്‍‍ നീണ്ടു പോകുന്നതു പോലൊരു തോന്നല്‍‍ എനിക്കു്.
13 January 2007 22:54


കൃഷ്‌ krish said...
ഹ..ഹ.. കഥ കൊള്ളാം.ചൂരല്‍ (ഈറ്റ) കൊണ്ട്‌ ഉണ്ടാക്കുന്ന സ്റ്റൂള്‍ പോലുള്ള ഇരിപ്പിടത്തിനേയും "മൂഡ" എന്നു പറയുംട്ടോ.ഏതൊ ഒരു സിനിമയില്‍ സലീം കുമാര്‍ കുട്ടയെ 'ബര്‍മുഡ'ക്കു പകരം ഉടുത്തതു ഓര്‍ത്തുപോയി..കൃഷ്‌ krish
13 January 2007 23:23


സഞ്ചാരി said...
കാസ്രകോഡ് ന്നടുത്തുള്ള ഒരു കൂട്ടുകാരന്റെ വീട്ടില്‍ പോയപ്പോള്‍ ചായയോടപ്പം ഇലയില്‍ പൊതിഞ്ഞ അടപോലുള്ള ഒരു സാധനം കഴിക്കാന്‍ തന്നു. ഇതിന്റെ പേരെന്താണന്നു ചോദിച്ചപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞത് ചക്ക മൂഡയെന്നാണ്.നന്നായിട്ടുണ്ട്

Friday, 12 January 2007

ക്ഷണം..

ക്ഷണം..

നീ വരുന്നോ എന്റെ കൂടെ..

ഹൃദയത്തിന്റെ വിങ്ങലുകള്‍ ഞാന്‍ പങ്കുവക്കാം,

നീ കാണാത്ത സ്വപ്നങ്ങളും,

പിന്നെയും നീയുണര്‍ന്നിരിക്കുകയാണെങ്കില്‍

മതിവരുവോളം നിനക്കു ഞാനെന്റെ സ്നേഹവും തരാം...കൂട്ടുകാരേ.. ഇതാ ഇവിടെ ഈ ബൂ ലോകത്തിന്റെ നിലാവ്‌ പൊഴിക്കുന്ന ആകാശത്തില്‍ ഒരു പുതിയ നക്ഷത്രമായി ഞാനും കൂടിക്കോട്ടെ,