Thursday, 25 January 2007

ഒരു കഥ....

പഴകി ദ്രവിച്ച പൂമങ്ങലം തറവാടിന്റെ മുറ്റത്തു നില്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ഓര്‍മകള്‍ ഇരമ്പുകയായിരുന്നു, തെക്കു ഭാഗത്തെ ആ നാട്ടുമാവ്‌ ഇന്നും തലയെടുൂാറ്റെ നില്‍ക്കുന്നു, അതിന്റെ ചുവട്ടിലാണ്‌ അച്ചന്റെ ചേതനയറ്റ ശരീരം ഒരു കൂട്ടം മാംസ കഷ്ണങ്ങളായി ചിതറിക്കിടന്നത്‌, തമ്പുരാക്കന്മാരുടെ വാളുകള്‍ക്ക്‌ മുന്നില്‍ നിസ്സഹായനായ ഇരയെ പോലെ പ്രാണനു വേണ്ടി കെഞ്ചുന്ന അച്ഛന്റെ വിറങ്ങലിച്ച മുഖം ഇന്നും ഓര്‍മ്മകളെ മധിക്കുന്നു,

ആ മുഖം മുന്നില്‍ക്കണ്ട്‌ ഉറങ്ങാതെ കിടന്ന എത്രയോ വര്‍ഷങ്ങള്‍!അധസ്ഥിതര്‍ക്ക്‌ മാറു മറക്കാനും, വഴിനടക്കാനും പോലും അനുവാദമില്ലാതിരുന്ന ആ കാലത്ത്‌ തമ്പ്യ്‌രാക്കന്മാരുടെ കാമ വെറിക്കുമുന്നില്‍ കണ്ണടക്കാന്‍ പോലും കഴിയാതെ അമ്മാക്ക്‌ പായ്‌ വിരിക്കേണ്ടി വന്നപ്പോള്‍ പുറത്ത്‌ ഊഴമിട്ട്‌ അച്ഛനും കാത്തിരിക്കുമായിരുന്നു, തമ്പുരാക്കന്മാര്‍ എല്ലാവരും പോയ ശേഷം അമ്മയുടെ അടുത്തെത്തുന്ന അച്ഛന്‍ അമ്മയെ കെട്ടിപ്പിടിച്ച്‌ കരയുമായിരുന്നു, കൈയുയര്‍ത്തി ആ കണ്ണീര്‌ തുടക്കുവാന്‍ പോലും അമ്മക്ക്‌ പലപ്പോഴും കഴിയുമായിരുന്നില്ല,

ഒടുവില്‍ ഇച്ചേയിയും വലിയ കുട്ടിയായപ്പോള്‍ അമ്മക്കൊപ്പം ഇച്ചേയിയും പായ വിരിക്കണമെന്ന് തമ്പ്രാക്കന്മാര്‍ കല്‍പ്പിച്ചപ്പോള്‍ അന്നാദ്യമായി അച്ഛന്‍ പ്രതിഷേധിച്ചു, വര്‍ഷങ്ങളായി അടക്കിവച്ചിരുന്ന ക്ഷോഭം മുഴുവന്‍ പുറത്തുവിടാന്‍ ഒരു വാക്കു മാത്രമേ അച്ഛന്‍ പറഞ്ഞുള്ളൂ 'പറ്റില്ല' മടങ്ങിപ്പോയ തമ്പ്രാക്കന്മാരുടെ സില്‍ബന്ധികള്‍ അന്നു രാത്രി അച്ഛനോടൊപ്പം ഇച്ചേയിയെയും പിടിച്ചുകൊണ്ടു പോയി, പിറ്റേന്ന് അച്ച്ചന്റെ ശരീരം കാണുന്നത്‌ ആ മാവിന്‍ ചുവട്ടിലാണ്‌..ഒരുകൂട്ടം മാംസക്കഷ്ണങ്ങളായി...

അച്ഛനെപ്പോലെ തങ്ങളെയും വേട്ടയാടും എന്നു മനസ്സിലാക്കിയ അമ്മ തമ്പുരാന്റെ പറമ്പിലെ തേങ്ങ കയറ്റാന്‍ വന്ന പോക്കര്‍ മാപ്പിളയുടെ കാളവണ്ടിയില്‍ തേങ്ങ നിറച്ച ചാക്കു കെട്ടുകള്‍ക്കടിയില്‍ ഒളിപ്പിച്ച്‌ തന്നെ രക്ഷപെടുത്തുമ്പോള്‍ ആ കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്ന നിര്‍വികാരത ഒരായിരം വാL മുനകളായി പലപ്പോഴും ഉള്ളില്‍ ആഴ്‌ന്നിറ്റങ്ങിയിട്ടുണ്ട്‌..

വര്‍ഷങ്ങള്‍ നീണ്ട യത്ര..കള്ളവണ്ടി കയറി എങ്ങോട്ടെന്നില്ലാതെ! ബോംബെയിലെ തെരുവുകളില്‍ പച്ചവെള്ളം മാത്രം കുടിച്ച്‌ നടപ്പാതയില്‍ അന്തിയുറങ്ങിയും അങ്ങനെ... സേട്ടുവിന്റെ ഹോട്ടലിന്റെ പിന്നമ്പുറത്ത്‌ എച്ചില്‍ പാത്രങ്ങള്‍ക്കിടയില്‍.. ഉന്തു വണ്ടിയില്‍ പച്ചക്കറി വിറ്റ്‌.. അധോലോകത്തിന്റെ ആരുമറിയാത്ത ലോകത്ത്‌... സ്വൊരുക്കൂട്ടിയ പിഞ്ഞിയ നോട്ടുകള്‍ക്ക്‌ പകരം ഉരുവില്‍ മരുഭൂമിയിലെ മണലാരണ്യത്തിലേക്ക്‌...

കാലം മാറുന്നതോടൊപ്പം വളര്‍ന്നു വന്ന ബിസിനസ്സ്‌ സാമ്രാജ്യങ്ങളും, പെരുമയും അന്നും അച്ഛ്ന്റെ വിറങ്ങലിച്ച മുഖവും, അമ്മയുടെ കണ്ണുകളിലെ നിര്‍വികാരതയും തന്നെയായിരുന്നു ജീവിതത്തെ മുന്നോട്ടു നയിച്ചിരുന്നത്‌.. വര്‍ഷങ്ങള്‍ക്കു ശേഷം പൂമങ്ങലത്തെ കൊച്ചു തമ്പ്രാന്‍ തന്റെ വിസയില്‍ കണക്കെഴുത്തുകാരനായി വരുന്നതു വരെയും നാട്ടിലേക്ക്‌ മടങ്ങുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിരുന്നില്ല..

പൂമങ്ങലം അധപ്പതിച്ചതിനെക്കുറിച്ചും, തറവാട്‌ കാടുകയറിയതിനെക്കുറിച്ചും തമ്പ്രാക്കന്മാര്‍ പലരും അഷ്ടിക്കു വകയില്ലാതെ നാടു വിട്ടതിനെക്കുറിച്ചും എല്ലാം അയാളില്‍ നിന്നറിഞ്ഞു..ഓര്‍മ്മകള്‍ വീണ്ടും വേട്ടയാടിയപ്പോഴാണ്‌ നാട്ടിലെക്ക്‌ മടങ്ങണമെന്ന ചിന്തയുണ്ടായത്‌..അച്ഛന്റെ ചോരവീണ ആ തറവാടും പറമ്പും വാങ്ങണം, ആ തറവാടിന്റെ അസ്ഥിവാരമിളക്കി അതിന്റെ മുകളില്‍ തമ്പ്രാക്കന്മാരോട്‌ "പറ്റില്ല" എന്നു പറഞ്ഞ കോരന്‍ കീഴാളന്റെ മകന്‌ ആ തറവാട്ടിന്റെ അവശിഷ്ടങ്ങള്‍ക്കു മുകളില്‍ ഒരു അസ്ഥിത്തറ പണിയണം.. അതു മാത്രമായിരുന്നു ലക്ഷ്യം..

സ്സ്വത്തം എന്തെന്നറിയിക്കാതെ അവശേഷിച്ച തമ്പുരാന്‍ കാരണവരോട്‌ പൂമങ്ങലത്തിനായി വിലപേശുമ്പോള്‍ കണ്ണുകളില്‍ എരിഞ്ഞ പക അയാള്‍ മനസ്സിലാക്കിയിരുന്നില്ല.. ഒടുവില്‍ ആധാരത്തില്‍ ഒപ്പുവക്കാന്‍ നേരം കുടികിടപ്പുകാരന്‍ കോരന്റെ മകന്‍ ഗോപാലന്‍ എന്നെഴുതിയിരിക്കുന്നതുകണ്ട കാരണവരുടെ കൈകള്‍ വിറച്ചതും കണ്ണുകളില്‍ ഭയം നിഴലിട്ടതും ഒന്നിനും പകരമാകുമായിരുന്നില്ല...

തന്നെ തേങ്ങാക്കെട്ടുകള്‍ക്കടിയില്‍ ഒളിപ്പിച്ച്‌ യാത്രയാക്കിയതിന്റെ മൂന്നാം നാള്‍ അമ്മയുടെ ജഢം തെക്കുമ്പുറം കായലില്‍ പൊന്തിയത്രെ.... ഇച്ചേയി..?

പണിക്കാര്‍ പൂമങ്ങലത്തിന്റെ അറകളോരോന്നായി പൊളിച്ചിരക്കുമ്പോള്‍ പകയെക്കാളേറെ അയാളുടെയുള്ളില്‍ നിറഞ്ഞു നിന്നത്‌ നഷ്ടമായ സ്നേഹത്തിന്റെയും, വാല്‍സല്യത്തിന്റെയും നിറം കെട്ട കനവുകളായിരുന്നു.....അച്ഛന്റെ ചോരയുടെ മണം അയാളുടെ നസാരന്ധ്രങ്ങളിലേക്ക്‌ അടിച്ചു കയറി.....

ഒടുവില്‍ പൂമങ്ങലത്തിന്റെ നിലവറ പൊളിക്കാന്‍ തുടങ്ങിയ പണിക്കാരിലൊരാള്‍ നിലവിളിച്ചുകൊണ്ട്‌ ബോധമില്ലാതെ വീണു! നിലവറക്കുള്ളില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ ഒരു അസ്ഥികൂടം....അതിനെച്ചുറ്റി ഇച്ചേയി അന്നുടുത്തിരുന്ന വരയന്‍ പാവാടയും.

6 comments:

താഴ്‌ വാരം said...

സ്സ്വത്തം എന്തെന്നറിയിക്കാതെ അവശേഷിച്ച തമ്പുരാന്‍ കാരണവരോട്‌ പൂമങ്ങലത്തിനായി വിലപേശുമ്പോള്‍ കണ്ണുകളില്‍ എരിഞ്ഞ പക അയാള്‍ മനസ്സിലാക്കിയിരുന്നില്ല.. ഒടുവില്‍ ആധാരത്തില്‍ ഒപ്പുവക്കാന്‍ നേരം കുടികിടപ്പുകാരന്‍ കോരന്റെ മകന്‍ ഗോപാലന്‍ എന്നെഴുതിയിരിക്കുന്നതുകണ്ട കാരണവരുടെ കൈകള്‍ വിറച്ചതും കണ്ണുകളില്‍ ഭയം നിഴലിട്ടതും ഒന്നിനും പകരമാകുമായിരുന്നില്ല...

ittimalu said...

ആദ്യഭാഗം കേട്ടുമറന്നതൊക്കെ തന്നെ.... പക്ഷെ....അവസാനം ..അത്ര വിചാരിച്ചില്ല.. ആ ചങ്ങലയും പാവാടയും

പാവാടക്കാരി said...

അവസാനം അതു വേണ്ടായിരുന്നു...

ഓര്‍ക്കുംതോറും സങ്കടം വരണു...

സജിത്ത്|Sajith VK said...

ശക്തിയുള്ള എഴുത്ത്... ഇത്തിരി കടുത്തുപോയോ?

അരീക്കോടന്‍ said...

താഴ്വാരം... അവസാനം വായിച്ചപ്പോള്‍ ശരിക്കും കിടുങ്ങിപ്പോയി !

താഴ്‌ വാരം said...

കഥ എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം...nandi